വേനല് ച്ചൂട് കോഴികളെ ബാധിക്കുന്നതെങ്ങനെ ? പൊള്ളുന്ന വെയിലിനെക്കുറിച്ചോർക്കുമ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പലർക്കും മടിയാണ്. അത്രയ്ക്കുണ്ട് പകൽച്ചൂട്. നിർജ്ജലീകരണവും സൂര്യാഘാതവും സൂര്യതാപവുമടക്കം ഉണ്ടാവാനിടയുള്ള വേനൽ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും മുൻകരുതൽ നിർദ്ദേശങ്ങളും സർക്കാർ തന്നെ നൽകിക്കഴിഞ്ഞു. ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും പക്ഷികളിലും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കോഴി വളർത്തലിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 19 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഈ അനുകൂല താപപരിധിയിൽ വരുന്ന നേരിയ മാറ്റങ്ങൾ പോലും പക്ഷികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കും. കോഴികളുടെ സ്വാഭാവിക ശരീരതാപനില പൊതുവെ ഉയർന്നതാണ്. 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണത്. ഉയർന്ന അന്തരീക്ഷ ആർദ്രതയും 30 ഡിഗ്രി സെൽഷ്യസ് മീതെ അന്തരീക്ഷതാപനില ഉയരുന്നതും കോഴികളുടെ ശരീരതാപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കുന്നു. ഒപ്പം ദഹനപ്രക്രിയ വഴിയും മറ്റും ശരീരത്തിനകത്ത് താപം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ബാഷ്പീകരണത്തിലൂടെ അധി...