പൊള്ളുന്ന വെയിലിനെക്കുറിച്ചോർക്കുമ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പലർക്കും മടിയാണ്. അത്രയ്ക്കുണ്ട് പകൽച്ചൂട്. നിർജ്ജലീകരണവും സൂര്യാഘാതവും സൂര്യതാപവുമടക്കം ഉണ്ടാവാനിടയുള്ള വേനൽ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും മുൻകരുതൽ നിർദ്ദേശങ്ങളും സർക്കാർ തന്നെ നൽകിക്കഴിഞ്ഞു. ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും പക്ഷികളിലും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
കോഴി വളർത്തലിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 19 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഈ അനുകൂല താപപരിധിയിൽ വരുന്ന നേരിയ മാറ്റങ്ങൾ പോലും പക്ഷികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കും.
കോഴികളുടെ സ്വാഭാവിക ശരീരതാപനില പൊതുവെ ഉയർന്നതാണ്. 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണത്. ഉയർന്ന അന്തരീക്ഷ ആർദ്രതയും 30 ഡിഗ്രി സെൽഷ്യസ് മീതെ അന്തരീക്ഷതാപനില ഉയരുന്നതും കോഴികളുടെ ശരീരതാപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കുന്നു. ഒപ്പം ദഹനപ്രക്രിയ വഴിയും മറ്റും ശരീരത്തിനകത്ത് താപം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.
വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ബാഷ്പീകരണത്തിലൂടെ അധിക ശരീരതാപം പുറന്തള്ളാൻ കഴിയാതെ പക്ഷികൾ ഉഷ്ണസമ്മർദ്ദത്തിലാവും. കട്ടികൂടിയ തൂവൽ ആവരണവും തൊലിക്കടിയിലെ കൊഴുപ്പുപാളികളും ഈ സമ്മർദ്ദത്തെ കൂട്ടും. ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം പക്ഷികൾ കൂട്ടമായി മരണപ്പെടുകയും ചെയ്യാം.
ഉഷ്ണസമ്മർദ്ദം കോഴികളിൽ
നന്നായി തീറ്റയെടുത്തിരുന്ന കോഴികൾ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കൽ, ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, ധാരാളം വെള്ളം കുടിക്കുന്നതും തണലിടങ്ങളിൽ കൂട്ടമായി തൂങ്ങിനിൽക്കുന്നതുമെല്ലാം ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്.
കൂടുതൽ സമയം നിൽക്കാനുള്ള പ്രവണത കാണിക്കുന്നതും ചിറകുകൾ ഉയർത്തിയും, വിടർത്തിയിടുന്നതുമാണ് മറ്റു ലക്ഷണങ്ങൾ. മുട്ടക്കോഴികളിൽ മുട്ടയുൽപ്പാദനം 30 മുതൽ 40 ശതമാനംവരെ പെട്ടെന്ന് കുറയുന്നതിനൊപ്പം മുട്ടയുടെ വലുപ്പവും പുറംതോടിന്റെ കനവും കുറയുന്നതിനും മുട്ടകൾ പെട്ടെന്ന് പൊട്ടുന്നതിനും ഉഷ്ണസമ്മർദ്ദം കാരണമാവും.
കൂടുകളിൽ അടച്ചിട്ട് വളർത്തുന്ന പക്ഷികളാണ് ഡീപ്പ് ലിറ്റർ രീതിയിൽ വളർത്തുന്ന പക്ഷികളേക്കാൾ കൂടുതലായി ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുക. മുട്ടക്കോഴികളേക്കാൾ ബ്രോയിലർ ഇറച്ചിക്കോഴികളെയാണ് ഉഷ്ണസമ്മർദ്ദം ഏറ്റവും കൂടുതൽ ബാധിക്കുക. ചൂട് കാരണം തീറ്റയെടുപ്പും, തീറ്റപരിവർത്തനശേഷിയും കുറയുന്നത് ഇറച്ചി കോഴികളിൽ വളർച്ചയും ഭാരവും കുറയാൻ കാരണമാവും. താപനില 32 ഡിഗ്രിക്ക് മുകളിൽ ഓരോ ഡിഗ്രി വർദ്ധിക്കും തോറും തീറ്റപരവർത്തനശേഷിയും, വളർച്ചയും 5 ശതമാനം വരെ കുറയും. മാത്രവുമല്ല പ്രതിരോധശേഷി കുറയുന്നത് കാരണം കോഴിവസന്ത , കോഴിവസൂരി , കണ്ണുചീയൽ രോഗം അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുള്ള കാലം കൂടിയാണ് വേനൽ.
ഉയർന്ന അന്തരീക്ഷ ഈർപ്പം കോക്സീഡിയോസിസ് , മൈക്കോ ടോക്സിക്കോസിസ് അഥവാ പൂപ്പൽ വിഷബാധ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാഹചര്യമൊരുക്കും. കോഴികളെ അത്യുഷ്ണത്തിൽ നിന്ന് കാത്തുരക്ഷിക്കാൻ ശ്രദ്ധാപൂർവ്വമായ പ്രവർത്തനങ്ങൾ വേണം.
ഉഷ്ണസമ്മർദ്ദത്തെ പ്രതിരോധിക്കാൻ
അത്യുഷ്ണത്തെ പ്രതിരോധിക്കാൻ കോഴികൾക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാക്കണം. സാധാരണയേക്കാൾ നാലിരട്ടി വരെ കൂടുതൽ കുടിവെള്ളം കോഴികൾക്ക് ആവശ്യമായി വരും. സാധാരണ ക്രമീകരിക്കുന്നതിനേക്കാൾ ഇരട്ടിയെണ്ണം അധിക വെള്ളപ്പാത്രങ്ങളും 10% അധിക സ്ഥലവും ഷെഡിൽ ഒരുക്കണം. ശുദ്ധജലം ഉറപ്പുവരുത്തുന്നതോടൊപ്പം വിപണിയിൽ ലഭ്യമായ വിവിധ ഇലക്ട്രോലൈറ്റ് മിശ്രിതങ്ങൾ (ഇലക്ട്രോകെയർ, ഇലക്ട്രോലൈറ്റ് സി, ടോളോലൈറ്റ് തുടങ്ങിയ ) ഒരു ലിറ്റർ കുടിവെള്ളത്തിൽ രണ്ട് ഗ്രാം എന്ന അളവിൽ ചേർത്ത് കോഴികൾക്ക് നൽകണം. ഒരോ നാല് ലിറ്റർ വെള്ളത്തിലും അഞ്ച് ഗ്രാം വീതം പഞ്ചസാരയും അപ്പക്കാരവും (ബേകിംഗ് സോഡ), ഉപ്പും, പൊട്ടാസ്യം ക്ലോറൈഡ് പൊടിയും ചേർത്ത് ഇലക്ട്രോലൈറ്റ് ലായനി തയ്യാറാക്കിയും പക്ഷികൾക്ക് നൽകാം.
ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തൽ വേനലിൽ ഏറെ പ്രധാനമാണ്. അല്ലാത്തപക്ഷം സാൽമണെല്ലോസിസ്, കോളിഫാം തുടങ്ങിയ രോഗങ്ങൾ ഫാമിന്റെ പടികയറിയെത്തും. കുടിവെള്ളം അണുവിമുക്തമാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറോ, വിപണിയിൽ ലഭ്യമായ Sokrena, Zysept, Tetrasan തുടങ്ങിയ (1 മി.ലി വീതം 10 ലിറ്റർ വെള്ളത്തിൽ) രാസസംയുക്തങ്ങളോ ഉപയോഗിക്കാം. 500 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്തിളക്കി അരമണിക്കൂറിന് ശേഷം കോഴികൾക്ക് നൽകാം. തുടർച്ചയായി എല്ലാ ദിവസവും ഉപയോഗിക്കുന്നുണ്ടെങ്കിൽ ദിവസേനെ 500 ലിറ്റർ വെള്ളത്തിൽ 1.5 ഗ്രാം എന്ന കണക്കിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചാൽ മതി. 0.01% പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയും കുടിവെള്ളം അണുവിമുക്തമാക്കാൻ ഉപയോഗിക്കാം.
20 ലിറ്റർ വീതം വെള്ളത്തിൽ 500 മി. ഗ്രാമിന്റെ ക്ലോറിൻ ടാബ്ലറ്റ് ചേർത്തും വെള്ളം ശുദ്ധീകരിക്കാം. പത്ത് ലിറ്റർ വെള്ളത്തിൽ ഒരു മില്ലീലിറ്റർ വീതം പോവിഡോൺ അയഡിൻ ലായനി ചേർത്തും കുടിവെള്ളം അണുവിമുക്തമാക്കാം. ഒരു മില്ലീലിറ്റർ വീതം വിനാഗിരി, അസറ്റിക് ആസിഡ് അഞ്ച് ലിറ്റർ കുടിവെള്ളത്തിൽ ചേർത്താൽ അപകടകരമായ അണുക്കൾ നശിക്കും.
കുടിവെള്ള ടാങ്കും, വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് മറച്ചാൽ വെള്ളം ചൂടുപിടിക്കുന്നത് തടയാം. മൺപാത്രങ്ങളിൽ വെള്ളം നിറച്ച് കൂട്ടിൽ ഒരുക്കുന്നതും, കുടിയ്ക്കുന്നതിനൊപ്പം കോഴികൾക്ക് അവയുടെ തലമുക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരിക്കുന്നതും നല്ലതാണ്. ജലശേഖരണ ടാങ്കുകൾ തണലുള്ളിടത്തേക്ക് മാറ്റുകയോ തണൽ മേലാപ്പ് ഒരുക്കുകയോ വേണം.
Comments
Post a Comment