ബ്രൂഡിംഗ്
കോഴിക്കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വരുന്നതുവരെ കൃത്രിമമായി ചൂടു നല്കി സംരക്ഷിക്കേണ്ടതുണ്ട്. ഇതിന് ബ്രൂഡിംഗ് എന്നു പറയുന്നു. ഇത്തരത്തിലുള്ള കൃത്രിമചൂടു നല്കല് പ്രധാനമായും കാലാവസ്ഥ അനുസരിച്ചിരിക്കും. ഉഷ്ണദിനങ്ങളില് ഒന്നോ രണ്ടോ ആഴ്ച മാത്രം നല്‍കേണ്ട ബ്രൂഡിംഗ് പരിചരണം, തണുപ്പോ, മഴക്കാലമോ ആകുമ്പോള്‍ മൂന്നു മുതല്‍ നാലാഴ്ച വരെ നല്‍കേണ്ടതായി വരുന്നു. ഇത്തരത്തില്‍ കൃത്രിമ ചൂടുനല്‍കാനായി സാധാരണ ബള്‍ബോ, ഇന്‍ഫ്രാറെഡ് ബള്‍ബോ ഉപയോഗിക്കാം. 37 ഡിഗ്രി ചൂടാണ് നൽകേണ്ടത് (സാധാരണ ബള്‍ബാണെങ്കില്‍ ഒരു കുഞ്ഞിന് രണ്ട് വാട്ടെന്ന നിരക്കില്‍ ചൂടു ലഭ്യമാക്കണം. അതായത് 100 കുഞ്ഞുങ്ങളുള്ള ഒരു കൂട്ടില്‍ 40 വാട്ടിന്റെ അഞ്ചു ബള്‍ബെങ്കിലും വേണം.) ഈ ബള്‍ബുകള്‍ ഏകദേശം ഒന്നരയടി പൊക്കത്തില്‍ ഹോവറിനകത്തായി സ്ഥാപിക്കാം. മുളകൊണ്ടുണ്ടാക്കിയ കുട്ടയോ തകരം കൊണ്ടുണ്ടാക്കിയതോ ആയ ഹോവറുകള് ഉപയോഗിക്കാം. ഒരു മീറ്റര്‍ അര്‍ധ വ്യാസമുള്ള ഒരു ഹോവറിനു കീഴിലായി ഏകദേശം ഇരുനൂറുകുഞ്ഞുങ്ങളെ വളര്‍ത്താം. ഹോവറിനു ചുറ്റും നിശ്ചിത അകലത്തില്‍ ചിക്ക് ഗാര്‍ഡുകള്‍ വയ്ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ചൂടു കൃത്യമായി ലഭിക്കാന്‍ സഹായിക്കും. ഏതാണ്ട് ഒരാഴ്ച കഴിയുമ്പോല്‍ ചിക്ക് ഗാര്‍ഡുകള്‍ മാറ്റി കൊടുക്കാവുന്നതാണ്.
ഇന്‍ഫ്രാറെഡ് ബള്‍ബാണ് ബ്രൂഡിംഗിന് ഉപയോഗിക്കുന്നതെങ്കില്‍ ഹോവറിന്റെ ആവശ്യമില്ല. (ഒരു കുഞ്ഞിന് ഒരുവാട്ടെന്ന നിരക്കില്‍ 250 വാട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ് ബല്‍ബ് ഉപയോഗിച്ച് 250 കുഞ്ഞുങ്ങള്‍ക്ക് ബ്രൂഡിംഗ് നല്‍കാം)ഇന്‍ഫ്രാറെഡ് ബള്‍ബിനു ചൂടുനല്‍കാനുള്ള ശക്തി കൂടുതലായതിനാല്‍ ഏതാണ്ട് രണ്ടടി പൊക്കത്തിലായി സ്ഥാപിക്കുക. കൂടാതെ അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവും ദീര്‍ഘായുസും ഇന്‍ഫ്രാറെഡ് ബള്‍ബിനുണ്ട്. ഹോവര്‍ ആവശ്യമില്ലാത്തതിനാല്‍ കുഞ്ഞുങ്ങളുടെ ചലനം പുറത്തുനിന്നു നിരീക്ഷിക്കാനും ലിറ്റര്‍ മുഴുവന്‍ സമയവും ഉണങ്ങിയിരിക്കാനും ഇത്തരം ബള്‍ബുകള്‍ സഹായിക്കും. ആദ്യത്തെ ആഴ്ച 37 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടു ലഭ്യമാക്കണം. വിരിപ്പിനു അഞ്ചു സെന്റീമീറ്റര്‍ മുകളിലായി ഉഷ്ണമാപിനി ഉപയോഗിച്ച് ചൂടു തിട്ടപ്പെടുത്താവുന്നതാണ്. ബ്രൂഡറിനു താഴെയായി കോഴിക്കുഞ്ഞുങ്ങള്‍ എങ്ങനെ പെരുമാറുന്നെന്ന് നോക്കിയും ചൂടു ക്രമീകരിക്കാവുന്നതാണ്. ചൂട് അധികമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ ബ്രൂഡറില്‍ നിന്ന് അകന്നു നില്ക്കും. കുറവാണെങ്കില്‍ ബ്രൂഡറിനടിയില്‍ മേല്ക്കുമേല് കൂടിയിരിക്കുന്നതായും കാണാം. ബ്രൂഡിംഗ് സമയത്ത് ചൂട് അധികമായാലും കുറഞ്ഞാലും കുഞ്ഞുങ്ങളുടെ മരണ നിരക്കു കൂടും. അതിനാല്‍ കൃത്യമായ അളവില്‍ 37ഡിഗ്രി ചൂടു ലഭ്യമാകുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ബള്‍ബിനു കീഴിലായി അങ്ങിങ്ങ് ഓടിനടന്ന് തീറ്റതിന്നുന്ന കുഞ്ഞുങ്ങള്‍ ശരിയായി ചൂടു കിട്ടുന്നതിന്റെ സൂചനയാണ്.
ബ്രൂഡിംഗ് പരിചരണത്തിനു ശേഷവും ഒരു ബള്‍ബ് രാത്രിയില്‍ ഇട്ടു കൊടുക്കാം. ഇത് രാത്രിയിലും തീറ്റ തിന്നാല്‍ ഇവയെ സഹായിക്കും.
Comments
Post a Comment