BV 380 കോഴികളുടെ മുട്ടകളുടെ എണ്ണം കൂട്ടാനുള്ള എളുപ്പവഴികൾ
മുട്ടയുത്പാദനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടക മാണ് വെളിച്ചം .
വെളിച്ചം കോഴിയുടെ പീനിയൽ ഗ്രന്ഥിയെ ഉദ്ദീപിക്കുകയും അതുവഴി തലച്ചോറിലെ ഹൈപ്പോതലാമസ് വഴി മുട്ടയുത്പാദനം വർദ്ധിക്കുകയും ചെയ്യും .
ഇതുകൊണ്ടാണ് പകൽ ദൈർഘ്യം കൂടിയ മാർച്ച് - സെപ്തംബർ മാസങ്ങളിൽ മുട്ടയുത്പാദനം കൂടുതലും , ദൈർഘ്യം കുറഞ്ഞ നവംബർ - ഫെബ്രുവരി മാസങ്ങളിൽ മുട്ടയിടൽ കുറയുന്നതും .
വാണിജ്യ മുട്ടക്കോഴി വളർത്തലിൽ ഈ വെളിച്ചക്കുറവ് പരിഹരിക്കാൻ കൃത്രിമ വെളിച്ചം നൽകാറുണ്ട് .
അടുക്കളമുറ്റത്ത് കോഴി വളർത്തുന്ന കർഷകർക്കും വെളിച്ചത്തിന്റെ കുറവ് വരുത്തുന്ന ഉത്പാദനനഷ്ടം ഒഴിവാക്കാം .
ഇതിന് ദിവസം 16 മണിക്കൂർ വെളിച്ചം ലഭിക്കും വിധം സി.എഫ്.എൽ. പോലുള്ള വെളിച്ച സാതസുകൾ കൂടുകളിൽ ഉപയോഗിക്കാം .
ഇങ്ങനെ മുട്ടയുത്പാദനം കൂടും .
മുട്ടക്കോഴികൾക്ക് സന്തുലിതവും , ശരിയായ അളവിലും തീറ്റ ലഭിച്ചാൽ മാത്രമേ പരമാവധി മുട്ടയുത്പാദനം സാധ്യമാവൂ .
കോഴിമുട്ടയിൽ ഉയർന്ന അളവിൽ മാംസ്യവും ഊർജ്ജവും അടങ്ങിയിരിക്കുന്നു .
ഇവ കോഴിത്തീറ്റയിലൂടെ ലഭിച്ചാൽ മാത്രമേ മുട്ടയുത്പാദനം നടക്കൂ .
മാംസ്യവും ഊർജ്ജവും ശരിയായ അനുപാതത്തിലല്ലെങ്കിലും മുട്ടയിടൽ കുറയും .
അടുക്കളമുറ്റത്തെ കോഴിവളർത്തലിൽ വീട്ടിലെ അവശിഷ്ടങ്ങളിൽ നിന്നും മാംസ്യസ്രോതസ് ലഭിക്കില്ല .
അന്നജം ധാരാളമടങ്ങിയ ഇത്തരം തീറ്റ നൽകുമ്പോൾ കോഴികളുടെ കരളിലും മുട്ടയുത്പാദിപ്പിക്കുന്ന അണ്ഡാശയത്തിലും കൊഴുപ്പടിഞ്ഞ് മുട്ടയുത്പാദനം പാടെ നിലയ്ക്കും .
അരി , ചോറ് എന്നിവയോടൊപ്പം മാംസ്യത്തിന് ഉപ്പില്ലാത്ത ഉണക്ക മത്സ്യവും തീറ്റയിൽ ഉൾപ്പെടു ത്തണം .
തീറ്റയിലെ കാൽസ്യമാണ് മറ്റൊരു പ്രധാന ഘടകം .
ഒരു കോഴിമുട്ടയിൽ മാത്രം 2 ഗ്രാം കാൽസ്യം ഉണ്ട് .
മുട്ടയുത്പാദനത്തിന് കോഴികൾ അവയുടെ എല്ലിലെ കാൽസ്യമാണ് ഉപയോഗിക്കുന്നത് .
ഒരു കോഴിയുടെ ശരീരത്തിലെ എല്ലിൽ 20 ഗ്രാം കാൽസ്യമാണുള്ളത് . അതായത് 10 മുട്ട ഉത്പാദിപ്പിക്കാനുള്ള കാൽസ്യം മാത്രം .
തീറ്റയിൽ കാൽസ്യം കുറഞ്ഞാൽ കോഴികൾ മുട്ടയിടൽ നിർത്തും .
ഇത് പരിഹരിക്കാൻ നീറ്റുകക്ക പൊടിച്ചത് ഒരു പാത്രത്തിലാക്കി കോഴിത്തീറയോടൊപ്പം വേറെ നൽകാം .
അല്ലങ്കിൽ മുട്ടത്തോട് ഉണക്കി പൗഡർ രൂപത്തിലാക്കിയും തീറ്റയോടൊപ്പം നൽകാം.
മിനറൽ മിക്സർ തീറ്റയിൽ ഉൾപ്പെടുത്താം .
നാര് അടങ്ങിയ പച്ചപ്പുല്ല് , തീറ്റപ്പുല്ല് , തവിട് എന്നിവയും തീറ്റയിൽ ഉൾപ്പെടുത്തി മുട്ടയുടെ എണ്ണം വർദ്ധിപ്പിക്കാം .
കുറെമാസത്തെ മുട്ടയുത്പാദനത്തിന് ശേഷം കോഴികൾ തൂവൽ പൊഴിക്കും .
ഈ സമയത്ത് മുട്ടയുത്പാദനം മുഴുവനായും നിർത്തും .
പഴയ തൂവലുകൾ പൊഴിഞ്ഞ് പുതിയവ വരുന്ന ഈ കാലത്ത് പ്രത്യുത്പാദന അവയ വങ്ങൾ കേടുപാടുകൾ തീർത്ത് മുട്ടയുത്പാദനത്തിന് കൂടുതൽ സജ്ജമാകും .
പകൽ ദൈർഘ്യം കുറഞ്ഞ മാസങ്ങളിലാണ് സാധാരണ തൂവൽ പൊഴിയാറ് .
കൃത്രിമ വെളിച്ചം നൽകുന്ന കോഴികളിൽ ഏത് മാസവും തൂവൽ കൊഴിയും .
തൂവൽ പൊഴിക്കൽ ഒരു വിശ്രമവേളയാണ് .
ഇത് കഴിഞ്ഞ് കോഴികൾ വീണ്ടും കൂടുതൽ മുട്ടയിടൽ തുടങ്ങും .
കോഴിയുടെ പ്രായവും മുട്ടയുത്പാദനത്തെ സ്വാധീ നിക്കും .
അടുക്കളമുറ്റത്തെ കോഴിവളർത്തലിൽ നിരവധി വർഷം മുട്ടയിടുന്ന കോഴികളുണ്ട് .
എങ്കിലും മുട്ടയുത്പാദനത്തിൽ 76 ആഴ്ച കഴിഞ്ഞാൽ ശേഷി കുറയും .
കോഴിയുടെ അടയിരിക്കൽ സ്വഭാവവും മുട്ടയിടലിനെ സ്വാധീനിക്കും . ഗ്രാമശ്രീ , ഗിരിരാജ പോലുള്ള കോഴികളിൽ ഈ സ്വഭാവം കുറവാണെങ്കിലും നാടൻ കോഴികളിൽ ഇത് കൂടുതലാണ് .
ഒരു ബാച്ച് മുട്ടയിട്ടു കഴിഞ്ഞ് മുട്ടയിടൽ നിർത്തി മുട്ടവിരിയിക്കാനുള്ള പൊരുന്ന സ്വഭാവം കാണിക്കുകയും ചെയ്യും .
കൂട്ടിൽ നിന്നെടുക്കാതെ മുട്ടകൾ കൂട്ടിയിടുന്നത് അടയിരിക്കൽ സ്വഭാവം വർദ്ധിക്കാൻ കാരണമാകും .
ദിവസവും കൂട്ടിൽ നിന്ന് മുട്ടയെടുത്തും അതോടൊപ്പം സാധ്യമെങ്കിൽ കോഴിയുടെ കൂട് ഇടയ്ക്ക് മാറ്റിയും ഈ സ്വഭാവം ഒഴിവാക്കണം .
നിരവധി അസുഖങ്ങളും മുട്ടയുടെ എണ്ണം കുറയ്ക്കും . കോഴിവസന്ത , കോഴി വസുരി , കോളറ , ഇ.ഡി.എസ് .76 എന്നിവ ഇതിൽ ചിലതാണ് .
ചിലപ്പോൾ പ്രകടമായ രോഗലക്ഷണങ്ങൾ കാണിക്കാതെയും മുട്ടയിടുന്നത് കുറയും .
സംശയമുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം.
Comments
Post a Comment