മഴക്കാലം
പച്ചക്കറി കൃഷിക്ക് അനുയോജ്യം തന്നെ....

ശക്തമായ മഴ പെയ്യുന്ന ജൂണ്, ജൂലൈ മാസങ്ങളില് കേരളത്തില് പച്ചക്കറിക്കൃഷി പ്രയാസം പിടിച്ചതാണ്. കനത്തമഴ മൂലം വെള്ളക്കെട്ടുണ്ടായി ചെടികള് ചീയുകയും വളം ഒലിച്ചു പോകുകയും ചെയ്യുന്നതാണു പ്രധാന കാരണം. ഇതിനാല് സാധാരണ ഈ രണ്ടു മാസങ്ങളില് പച്ചക്കറി കൃഷിയില് നിന്നുമാറി നില്ക്കുകയാണ് ഏവരുടേയും പതിവ്. എന്നാല്,ശ്രദ്ധിച്ചാൽ ഏറ്റവും നന്നായി പച്ചക്കറി വിളവു ലഭിക്കുന്ന കാലം മഴക്കാലമാക്കാം.പക്ഷെ മഴക്കാലത്ത് കൃഷി ചെയ്യാനുള്ളത് പ്രത്യേക തരം പച്ചക്കറികളാണ്.
വെണ്ട
മഴക്കാലത്ത് ഏറ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കും.
കുഴികളെടുത്ത് മൺകൂനയുണ്ടാക്കിയോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളിൽ ചെടികൾ തമ്മിൽ 45 സെമീയും വരികൾ തമ്മിൽ 60 സെമീയും അകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുൻപ് വെണ്ട വിത്തുകൾ വെള്ളത്തിൽ കുതിർത്താൻ ശ്രദ്ധിക്കണം. നട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെറിയ തോതിൽ ജൈവവളം അടിവളമായി നൽകിയാൽ മികച്ച വിളവു നൽകുന്ന കൃഷിയാണ് വെണ്ട.
മുളക്
വെണ്ട കഴിഞ്ഞാൽ മുളകാണ് മഴക്കാല കൃഷിയിലെ പ്രധാനി. വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചാൽ മഴക്കാലത്ത് മുളക് മികച്ച വിളവ് നൽകും.
ജ്വാലാമുഖി, ജ്വാലാ സഖി, ഉജ്ജ്വല അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി എന്നിവയാണ് മഴക്കാലത്തെ കൃഷിക്ക് അനുയോജ്യം.
നീരൂറ്റി കുടിക്കുന്ന പ്രാണികൾ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. സാധാരണ മുളകിനു പുറമേ കാന്താരി മുളകും വീട്ടിൽ കൃഷി ചെയ്യാം. ഇതിനായി വിത്തുകൾ നേരത്തേ മുളപ്പിച്ചെടുക്കണം. 20- 25 ദിവസം പ്രായമായ തൈകൾ മാറ്റിനടണം. തൈകൾ നട്ട് അമ്പതാം ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നൽകാൻ മറക്കരുത്.
വഴുതന
വഴുതിനയാണ് മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി. വിപണിയിൽ ലഭ്യമായ നിരവധി ഇനം വിത്തുകൾക്കു പുറമേ ധാരാളം നാടൻ വഴുതിന ഇനങ്ങളും വീടുകളിൽ കൃഷി ചെയ്തുവരുന്നു. വിത്തിട്ട് 20 മുതൽ 25 ദിവസംവരെ പ്രായമാകുമ്പോൾ തൈകൾ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്റീ മീറ്ററും ഇടയകലം നൽകണം.
നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. മാറ്റിനട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം.
പാവൽ.
മഴക്കാലത്ത് മണ്ണ് കൂനകൂട്ടിയാണ് പാവൽ തൈകൾ നടേണ്ടത്.തൈ നട്ടു 45 ദിവസം കഴിയുമ്പോൾ പൂവിട്ടു തുടങ്ങുന്നു.ആദ്യമുണ്ടാകുന്ന പൂക്കൾ ആൺപൂക്കൾ ആയിരിക്കും, അത് കൊഴിഞ്ഞു പോകാനും സാധ്യതയുണ്ട്..
കായീച്ചയാണ് പാവലിന്റെ ഏറ്റവും വലിയ ശത്രു.ജൈവവളമായ ബയോഗ്യാസ് സ്ലറി, പച്ചചാണകം കലക്കിയത് എല്ലുപൊടി എന്നിവ വളമായി ഉപയോഗിക്കാം..
പയർ.
പയർ കൃഷി ചെയ്യാൻ അനുയോജ്യമായ മാസങ്ങളാണ് ജൂൺ ജൂലൈ മാസങ്ങൾ.തടങ്ങളോ വാരങ്ങളോ എടുത്തു വേണം വിത്ത് നടാൻ....
ചുരുക്കിപ്പറഞ്ഞാൽ..




ഗ്രോബാഗ് കൃഷി ചെയ്യുന്നവർക്ക് അമിതമായ മഴവെള്ളത്തിൽ ചട്ടിയിലെയും ഗ്രോബാഗിലെയും പോഷകങ്ങൾ ഒലിച്ചു പോകാൻ സാധ്യത ഉണ്ട്. ശക്തമായ മഴയിൽ നിന്ന് ചെറിയ ഷെയ്ഡ്കളിലേക്കു മാറ്റി വെക്കാം..ചെറിയ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു ചെറിയ മറകൾ ചെടിയുടെ തടങ്ങളിൽ ചെയ്യാം.
പറമ്പിലെ വെള്ളക്കെട്ട് സാധ്യതകൾ മുൻകൂട്ടി കാണണം... അതിനനുസരിച്ചു തടങ്ങൾ കോരിയും വാരങ്ങൾ നിർമ്മിച്ചും അതിൽ വിത്തിടാം
ശ്രദ്ധിക്കുക..
1 വെള്ളം ഒഴുകിപോകാനുള്ള സൗകര്യങ്ങൾ പറമ്പിൽ ചെയ്തു കൊടുക്കുക.
2.സാധ്യമാകുന്ന രീതിയിൽ പ്ലാസ്റ്റിക് മൾച്ചിങ് വൈക്കോൽ മൾച്ചിങ് ചെയ്യുക.
3.ശക്തമായ മഴത്തുള്ളികളെ താങ്ങും വിധം ചെടികൾക്ക് താങ്ങ് കൊടുത്തു കെട്ടി വെക്കുക.
4. കേടായത്തും ആവശ്യമില്ലാത്തതുമായ ഇലകളും കമ്പുകളും. പ്രൂൺ ചെയ്തു ഒഴിവാക്കി ചെടികളുടെ ആവശ്യമില്ലാത്ത ഭാരം കളയുക...
ഇത്രയൊക്കെ മതി....ഒരു മഹാമാരിയുടെ ദുരന്തമുഖത്ത് കൂടി കടന്നുപോകുന്ന നമ്മൾ ഓരോരുത്തരും, നമുക്ക് സന്തോഷം തരുന്ന, സംതൃപ്തി തരുന്ന, പ്രത്യാശകൾ തരുന്ന, നമ്മുടെ കൃഷിയിൽ കൂടുതൽ സമയം ഇടപെട്ടു മാനസിക ഉല്ലാസം കണ്ടെത്താം..
ഈ ദുരന്ത മുഖത്തിന്റെ സങ്കടങ്ങളും പ്രയാസങ്ങളും വറുതികളും മറന്ന്, നമ്മുടെ കൊച്ചു പൂക്കളിലും വിളകളിലും സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാം.. വരുന്ന നല്ല നാളെകൾക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം...
Comments
Post a Comment