ബ്രൂഡിങ്
കോഴിക്കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വളരുന്നതുവരെ കൃത്രിമമായി ചൂട് നല്കി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
കോഴിക്കുഞ്ഞുങ്ങള്‍ക്ക് 4 ആഴ്ച പ്രായം ആകുന്നതുവരെ ഇങ്ങനെ ചൂട് നല്കി സംരക്ഷിക്കണം.
തണുപ്പുകാലമാണെങ്കില്‍ രണ്ട് ആഴ്ചകൂടി ചൂട് കൊടുക്കേണ്ടിവരും.
ഡീപ്പ് ലിറ്റര്‍ രീതിയിലോ ബാറ്ററി ബ്രൂഡര്‍ ഉപയോഗിച്ചോ കുഞ്ഞുങ്ങളെ വളര്‍ത്താം.
ഡീപ്പ് ലിറ്റര്‍ രീതിയില്‍ ആദ്യത്തെ രണ്ടാഴ്ചവരെ ഒരു കുഞ്ഞിന് 0.045 ച.മീറ്റര്‍ എന്ന നിരക്കിലും അതിനുശേഷം 0.07 ച.മീറ്റര്‍ നിരക്കിലും കൂട്ടിനകത്ത് സ്ഥലമനുവദിക്കണം.
ഹോവര്‍ അഥവാ ബ്രൂഡറിനുള്ളില്‍ ഒരു കുഞ്ഞിന് 7 മുതല്‍ 10 ച.സെ.മീറ്റര്‍ സ്ഥലംവേണ്ടിവരും.
ആവശ്യാനുസരണം ചൂട് നല്കി കോഴിക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യത്തെ 4 ആഴ്ചക്കാലത്തെ സംരക്ഷണം വഹിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഉപകരണമാണ് ബ്രൂഡര്‍ അഥവാ ഹോവര്‍.
പലക, മുളച്ചീള്, വീഞ്ഞപ്പെട്ടി, അലൂമിനിയം തുടങ്ങിയ ഉപയോഗിച്ച് ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കാം.
ബ്രൂഡറിന്റെ എണ്ണം, ആകൃതി എന്നിവ കുഞ്ഞുങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഒരു മീറ്റര്‍ വ്യാസമുള്ള ഒരു സാധാരണ ബ്രൂഡര്‍ ഉപയോഗിച്ച് ഏകദേശം 250 കുഞ്ഞുങ്ങള്‍ വീതമുള്ള യൂണിറ്റുകളാണ് നല്ലത്.
വ്യാവസായികാടിസ്ഥാനത്തിലെ പലതരം ബ്രൂഡറുകള്‍ ഇന്ന് നിലവിലുണ്ട്.
ചൂട് നല്കുവാനായി ഇലക്ട്രിക് ബള്‍ബുകളോ ഇന്‍ഫ്രാറെഡ് ബള്‍ബുകളോ ഉപയോഗിക്കാവുന്നതാണ്.
ആദ്യഘട്ടത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഉദ്ദേശം 35 ഡിഗ്രി സെന്റിഗ്രേഡ് ചൂട് ലഭിക്കേണ്ടതാണ്. കുഞ്ഞുങ്ങള്‍ വളരുന്തോറും ചൂടിന്റെ അളവ് കുറച്ചുകൊണ്ടുവരണം.
ഉഷ്മാപിനി ഉപയോഗിച്ച് താപനില മനസ്സിലാക്കുന്നതിനേക്കാള്‍ ഉത്തമം ബ്രൂഡറിന് താഴെ കോഴിക്കുഞ്ഞുങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന് നിരീക്ഷിക്കുന്നതാണ്. ചൂട് അധികമാകുമ്പോള്‍ ബ്രൂഡറില്‍നിന്ന് കഴിയുന്നത്ര അകന്നു നില്ക്കുന്നതിനും മറിച്ചുള്ള അവസ്ഥയില്‍ താപകേന്ദ്രത്തോട് അടുത്തു നില്ക്കുന്നതിനും ഉള്ള പ്രവണത കുഞ്ഞുങ്ങളില്‍ കാണാം. ഒരു കുഞ്ഞിന് ഒരു വാട്ട് എന്ന തോതില്‍ ബള്‍ബുകള്‍ മതിയാകും. 250 കോഴിക്കുഞ്ഞുങ്ങള്‍ ഉള്ള ഒരു യൂണിറ്റില്‍ 250 വാട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ് ബള്‍ബ് മതിയാവും.
ഏതുതരെ ബള്‍ബുകളായാലും ഇവയുടെ അടിഭാഗം ലിറ്റര്‍ നിരപ്പില്‍നിന്നും കുറഞ്ഞത് 50 സെ.മീറ്ററെങ്കിലും മുകളിലായിരിക്കണം. വേനല്‍ക്കാലത്ത് കൃത്രിമ ചൂട് രാത്രിയില്‍ മാത്രം നല്കിയാല് മതിയാകും.
ആദ്യത്തെ ഒരാഴ്ച ബ്രൂഡറിന് ചുറ്റും 30 സെ.മീ. പൊക്കത്തില്‍ ഒരു വലയം സ്ഥാപിക്കണം. ഈ വലയം ബള്‍ബില്‍നിന്നും 30 മുതല്‍ 60 സെ.മീ. അകലത്തിലായിരിക്കണം. കാര്‍ഡ്ബോര്‍ഡ്, പനമ്പ് അല്ലെങ്കില്‍ തകിട് എന്നിവകൊണ്ട് ഇതുണ്ടാക്കാം. കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച് ബ്രൂഡറിന് ചുറ്റുമുള്ള വലയത്തിന്റെ വിസ്തീര്‍ണ്ണം വലുതാക്കിക്കൊണ്ട് ആവശ്യത്തിനുള്ള സ്ഥലം നല്കാന് കഴിയും.
ഡീപ്പ് ലിറ്റര്‍ രീതിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ തുടക്കത്തില്‍ 6 സെ.മീ. കനത്തില്‍ ലിറ്റര്‍ അഥവാ വിരി തറയില്‍ വിരിക്കണം. അതിനുശേഷം ആഴ്ചയില്‍ 2 സെ.മീ. നിരക്കില്‍ മൊത്തം 16 സെ.മീ. ധനം ആകുന്നതുവരെ ലിറ്റര്‍ വിതരണം. ഈ അളവില്‍ 1 ച.മീ. സ്ഥലത്ത് ഏകദേശം 10 കി.ഗ്രാം ലിറ്റര്‍ വേണ്ടിവരും. വേനല്‍ക്കാലത്ത് ആഴ്ചയില്‍ ഒരു പ്രാവശ്യവും, മഴക്കാലത്ത് ആഴ്ചയില്‍ രണ്ടു പ്രാവശ്യവും ലിറ്റര്‍ ഇളക്കണം. ലിറ്റര്‍ എല്ലായ്പ്പോഴും ഉണക്കി സൂക്ഷിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പുള്ള കാലാവസ്ഥയിലും മഴക്കാലത്തും കുറച്ച് പുതിയ ലിറ്റര്‍ വിതറുന്നത് നല്ലതാണ്.
കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ 3 ആഴ്ചവരെ കൊടുക്കുന്ന തീറ്റയ്ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റ എന്നു പറയുന്നു. സര്‍ക്കാര്‍ ഉടമയിലും സ്വകാര്യ ഉടമയിലുമുള്ള തീറ്റനിര്‍മ്മാണ കമ്പനികള്‍ കോഴിക്കള്‍ക്കായുള്ള വിവിധ തീറ്റകള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നുണ്ട്. വിശ്വാസയോഗ്യമായ സ്ഥാപനങ്ങളില്‍നിന്ന് ആവശ്യാനുസരണമുള്ള തീറ്റ വാങ്ങിക്കാവുന്നതാണ്.
കേരളത്തില്‍ ലഭ്യമായ തീറ്റ സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന ഒരു മാതൃകാ സ്റ്റാര്‍ട്ടര്‍ തീറ്റ താഴെ പറയുന്ന രീതിയില്‍ ഉണ്ടാക്കാം.
മുകളില്‍ കാണിച്ചിരിക്കുന്ന 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം വിറ്റാമിന്‍ മിശ്രിതം (ജീവകങ്ങള്‍ എ,ബി2, ഡി3 എന്നിവ അടങ്ങിയ മശ്രിതം) ചേര്‍ക്കേണ്ടതാണ്. കൂടാതെ 50 ഗ്രാം രക്താതിസാരം ചെറുക്കുന്നതിനുള്ള മരുന്നും ചേര്‍ക്കണം.
കോഴിക്കുഞ്ഞുങ്ങള്‍ തിന്നുന്ന തീറ്റയുടെ അളവ്, അന്തരീക്ഷചൂട്, തീറ്റയിലെ ഊര്‍ജ്ജത്തിന്റെ തോത് മുതലായവയെ ആശ്രയിച്ചാണിരിക്കുന്നത്.
ആദ്യത്തെ രണ്ടുമൂന്ന് ദിവസം ബ്രൂഡറിനകത്ത് കടലാസ് വിരിച്ച് അതില്‍ വേണം തീറ്റ നല്കാന്. അതിനുശേഷം ചെറിയ തരം തീറ്റപ്പാത്രങ്ങള്‍ ഉപയോഗിക്കണം. തീറ്റപ്പാത്രങ്ങള്‍ വാങ്ങുകയോ അല്ലെങ്കില്‍ മുള ഉപയോഗിച്ച് ഉണ്ടാക്കുകയോ ചെയ്യാം. നിലത്തുറപ്പിച്ച നീളത്തിലുള്ള തീറ്റപ്പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാഴ്ചവരെ ഒരു കുഞ്ഞിന് 2.5 സെ.മീ. നിരക്കിലും ആറാഴ്ചവരെ 4.5 സെ.മീ. നിരക്കിലും പാത്രസ്ഥലം അനുവദിക്കണം. തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ 100 കുഞ്ഞുങ്ങള്‍ക്ക് 12 കി.ഗ്രാം തീറ്റകൊള്ളുന്ന 36 സെ.മീ. വ്യാസമുള്ള 3 എണ്ണം വേണ്ടിവരും. ആദ്യത്തെ രണ്ടുമൂന്നു ദിവസം കഴിഞ്ഞാല്‍ തീറ്റപ്പാത്രത്തില്‍ ½ മുതല്‍ ¾ വരെ മാത്രമേ തീറ്റ നിറയ്ക്കാവൂ.
കുഞ്ഞുങ്ങള്‍ക്ക് കുടിക്കാനായി വൃത്തിയുള്ള വെള്ളം എല്ലാ സമയത്തും വെള്ളപ്പാത്രങ്ങളില്‍ ഉണ്ടായിരിക്കണം. ട്രഫ് ടൈപ്പ് അല്ലെങ്കില്‍ ഫൗണ്ടന് ടൈപ്പ് വെള്ളപ്പാത്രങ്ങള്‍ ഉപയോഗിക്കാം. ആദ്യത്തെ രണ്ടാഴ്ചവരെ 0.6 സെ.മീ. നിരക്കിലും 2 മുതല്‍ 7 ആഴ്ച പ്രായമാകുന്നതുവരെ 1.3 സെ.മീ. നിരക്കിലും ഓരോ കുഞ്ഞിനും വെള്ളപ്പാത്രസ്ഥലം അനുവദിക്കണം. ഒരു കാരണവശാലും വെള്ളപ്പാത്രങ്ങള്‍ താപകേന്ദ്രത്തിനടുത്ത് വയ്ക്കരുത്. കാരണം പാത്രത്തിനുള്ളിലെ വെള്ളം എളുപ്പത്തില്‍ ചൂടാകും. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും ബ്രൂഡറിനും വെളിയില്‍ നാലുഭാഗത്തുമായി വെച്ചിരിക്കണം. തീറ്റയ്ക്കും വെള്ളത്തിനും വേണ്ടി കോഴിക്കുഞ്ഞുങ്ങള്‍ക്ക് 3 മീറ്ററില്‍ കൂടുതല്‍ നടക്കേണ്ടാത്ത വിധത്തിലാണ് തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും സജ്ജീകരിക്കേണ്ടത്.
ശ്രദ്ധയര്‍ഹിക്കുന്ന ഒരു പ്രധാന കാര്യം പരിസരശുചിത്വമാണ്. ഉപയോഗിക്കുന്ന ലിറ്റര്‍ നനവുള്ളതാണെങ്കില്‍ അത് എളുപ്പത്തില്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അണുനാശിനി ഉപയോഗിച്ച് ഉപകരണങ്ങളും പരിസരവുമെല്ലാം വൃത്തിയാക്കേണ്ടതാണ്
Comments
Post a Comment